Home Uncategorized വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു,...

വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും

0

തിരുവനന്തപുരം :
വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്.

ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയത്. ഇന്ധന വില ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107 ശതമാനവും വർദ്ധിച്ചു. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയുന്ന സ്ഥിതിയാണ്.

നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്. ഈ പരിധി നീക്കിയതും ഇന്ധന വില വർദ്ധനയും വന്നതോടെ പറക്കാൻ വൻ വില നൽകേണ്ടി വരുമെന്ന് ഉറപ്പാണ്. അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version