23 വർഷങ്ങൾക്ക് ശേഷം നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് ‘ആശകൾ ആയിരം’. ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരുന്നു. ജി പ്രജിത് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് നിർമാണം. സീ 5 മലയാളത്തിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്.
ഈ വാരാന്ത്യത്തിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ‘ആശകൾ ആയിരം’ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയ ഹരിഹരൻ എന്ന കഥാപാത്രമായി ജയറാമെത്തുമ്പോൾ അജീഷ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്.
നടനാകാൻ സ്വപ്നം കാണുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് അജീഷ്. ആശ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ,
രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. 12.64 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.
