Home Uncategorized വയനാട്ടില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ നിരവധി

വയനാട്ടില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ നിരവധി

0

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വയനാട്ടില്‍ വോട്ടര്‍മാരുടെ മനസില്‍ കൂടൊരുക്കാന്‍ തന്ത്രങ്ങള്‍ പയറ്റി മുന്നണികള്‍. കഴിഞ്ഞ പത്താണ്ടുകളിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് സമ്മതിദായകരെ സ്വാധീനിക്കാനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണദോഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ്, എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രാദേശിക വികസന വിഷയങ്ങള്‍ മുന്നണികള്‍ കൗശലപൂര്‍വം വില്ലില്‍ കുലയ്ക്കുന്നുണ്ട്.

കല്‍പ്പറ്റ
ജില്ലയിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡിയിലെ പി.കെ. അനില്‍കുമാര്‍, ബിജെപിയിലെ പ്രശാന്ത് മലവയല്‍ എന്നിവരാണ് മുഖ്യ സ്ഥാനാര്‍ഥികള്‍. പുഞ്ചരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവസം, കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി എന്നിവ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം നടത്തിയതും തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചതും തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കിയതും വോട്ടൊഴുക്കിനുള്ള ചാലുകളായി ഇടതുപക്ഷം ഉപയോഗപ്പെടുത്തുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു വീടുപോലും നിര്‍മിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് ഇതോടുചേര്‍ത്ത് വോട്ടര്‍മാര്‍ക്കു മുമ്പില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്കായി ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് കുന്നമ്പറ്റയില്‍ കെപിസിസി വിലയ്ക്കുവാങ്ങിയ ഭൂമിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ കുടില്‍കെട്ടല്‍ സമരം നടത്തിയതും വോട്ടര്‍മാരെ മുന്നില്‍ക്കണ്ടാണ്.
ടൗണ്‍ഷിപ്, തുരങ്കപാത നിര്‍മാണം എന്നിവ സര്‍ക്കാരിനെയും ഇടത് മുന്നണിയെയും പ്രഹരിക്കാനുള്ള ആയുധങ്ങളാക്കുകയാണ് മണ്ഡലത്തില്‍ എന്‍ഡിഎ. വൈദ്യുതി, വെള്ളം സൗകര്യം ഒരുക്കാതെ ഒന്നാംഘട്ടം ഉദ്ഘാടനം നടത്തിയ ടൗണ്‍ഷിപ്പില്‍ ഒരു കുടുംബം പോലും താമസമാക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ആഞ്ഞടിക്കുകയാണ് ബിജെപിയും കൂട്ടരും. ടൗണ്‍ഷിപ് നിര്‍മാണത്തിനടക്കം ദുരന്തബാധിതര്‍ക്ക് ഇതിനകം നടപ്പാക്കിയ പദ്ധതികള്‍ക്ക് സംസ്ഥാനം ചെലവഴിച്ചത് കേന്ദ്രം അനുവദിച്ച തുകയാണെന്നും അവര്‍ അവകാശപ്പെടുന്നു. 2000ല്‍പരം കോടി രൂപ ചെലവ് കണക്കാക്കുന്നതും പ്രവൃത്തി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുന്നതുമായ തുരങ്ക പാത പദ്ധതിക്കുപിന്നില്‍ ഗുഢതാത്പര്യങ്ങളുണ്ടെന്ന വാദവും വോട്ടര്‍ര്‍മാര്‍ക്കിടയില്‍ എന്‍ഡിഎ ഉയര്‍ത്തുന്നുണ്ട്.
പുഞ്ചരിമട്ടം ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസും മുസ്‌ലിംലീഗും ലഭ്യമാക്കിയ സേവനങ്ങള്‍, നടപ്പാക്കുന്ന ഭവന പദ്ധതികള്‍, എംഎല്‍എ എന്ന നിലയില്‍ ടി. സിദ്ദിഖിന്റെ പ്രവര്‍ത്തന മികവ് എന്നിവ വിശദീകരിച്ചാണ് യുഡിഎഫ് പ്രധാനമായും വോട്ടുറപ്പിക്കുന്നത്. തോട്ടം തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥകളും അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ ഇച്ഛിച്ച വിധത്തിലല്ല വേതനം പുതുക്കിയത്. ഇത് വോട്ടാക്കി മാറ്റാന്‍ യുഡിഎഫ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

മാനന്തവാടി
കാലാവധി പൂര്‍ത്തിയായ മന്ത്രിസഭയില്‍ അംഗമായ ഒ.ആര്‍. കേളു, ഉഷ വിജയന്‍(കോണ്‍ഗ്രസ്), പി. ശ്യാംരാജ് എന്നിവരാണ് മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. വയനാട് മെഡിക്കല്‍ കോളജ് മണ്ഡലത്തില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയതും സൗകര്യങ്ങള്‍ ഒരുക്കി എംബിബിഎസ് കോഴ്‌സ് ആരംഭിച്ചതും വലിയ നേട്ടമായാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതും സ്ഥിര നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതിരുന്നതും സര്‍ക്കാരിന്റെ പരാജയമാണെന്നാണ് യുഡിഎഫും എന്‍ഡിഎയും വോട്ടര്‍മാരോട് പറയുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന റോഡ്, പാലം, സ്‌കൂള്‍ കെട്ടിട നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ അനുകൂല ചിന്ത വോട്ടര്‍മാര്‍ക്കിടയില്‍ രൂപപ്പെടുത്തുന്നതിനും ബലപ്പെടുത്തുന്നതിനും എല്‍ഡിഎഫ് പ്രയോജനപ്പെടുത്തുന്നുണ്ട്ത്രിയില്‍ രാത്രിയാത്രാനിരോധനം മുതല്‍ നിരവധി വിഷയങ്ങള്‍

ബത്തേരി
കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്‍, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്‍, ബിജെപിയിലെ എ.എസ്. കവിത എന്നിവരാണ് ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം, ശിലയില്‍ ഒതുങ്ങിയ ബൈരക്കുപ്പ പാലം, യാഥാര്‍ഥ്യമാകാത്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സഹകരണ ബാങ്കുകളിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണം, ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്റെയും മകന്റെയും വിഷം അകത്തുചെന്നുള്ള മരണം, മുള്ളന്‍കൊല്ലി പഞ്ചായത്തംഗമായിരുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ എന്നിവ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
കഴിഞ്ഞ 15 വര്‍ഷമായി ബത്തേരി എംഎല്‍എയാണ് ബാലകൃഷ്ണന്‍. ഒന്നര പതിറ്റാണ്ടിനിടെ അനേകം കോടി രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടത്തിയെന്നും വികസനത്തുടര്‍ച്ചയ്ക്ക് ബാലകൃഷ്ണന്‍ വീണ്ടും നിയമസഭയില്‍ എത്തേണ്ടതുണ്ടെന്നും വിവരിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിഷയങ്ങളും അവര്‍ അവതരിപ്പിക്കുന്നുണ്ട്.
ദേശീയപാതയില്‍ ഒരു പതിറ്റാണ്ടില്‍ അധികമായി തുടരുന്ന യാത്രിയാത്രാ നിരോധനം നീക്കുമെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പുകാലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇത് വീണ്‍വാക്കായിരുന്നുവെന്ന് വിശദീകരിച്ച് വോട്ട് തേടുന്ന എല്‍ഡിഎഫ് പത്ത് വര്‍ഷം മുമ്പ് മണ്ഡലത്തിന് അനുവദിച്ച ആര്‍ട്‌സ് ആന്‍ഡ് കോളജ് യാഥാര്‍ഥ്യമാകാത്തതിന് ഉത്തരവാദിത്വം സിറ്റിംഗ് എംഎല്‍എയിലാണ് ആരോപിക്കുന്നത്. എന്നാല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാത്തതിന് ഇടത് സര്‍ക്കാരിനെയാണ് യുഡിഎഫ് പഴിപറയുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിട്ടും ബൈരക്കുപ്പ പാലം പണിക്കുള്ള തടസങ്ങള്‍ നീക്കാന്‍ കഴിയാത്തത് ബാലകൃഷ്ണന്റെ പരാജയമായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്നതാണ് ബൈരക്കുപ്പ പാലം ശിലാസ്ഥാപനം. വികസന വിഷയങ്ങളില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരേപോലെയാണ് എന്‍ഡിഎ കടന്നാക്രമിക്കുന്നത്.
ജില്ലയിലെ ആദിവാസി ഭൂ-ഭവന പ്രശ്‌നത്തിന് പരിഹാരമാകാത്തത് മൂന്നു മണ്ഡലങ്ങളിലും യുഡിഎഫും എന്‍ഡിഎയും തെരഞ്ഞടുപ്പ് വിഷയമാക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ നടക്കുന്ന ആദിവാസി ഭൂ സമരത്തിന് പതിറ്റാണ്ടില്‍ അധികമാണ് പഴക്കം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version