നെല്ലിമാളം: കേരള ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയുടെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ശാഖയുടെ ഉദ്ഘാടനം കേരള ഗ്രാമീണ ബാങ്ക് ചെയർപഴ്‌സൺ വിമല വിജയഭാസ്കർ നിർവഹിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുഖകരമായും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ (CSR) ഭാഗമായി തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളിലെ ക്ലാസ് മുറികളിൽ ഫർണിച്ചറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി 85,300 രൂപയുടെ സാമ്പത്തിക സഹായവും ചടങ്ങിൽ വച്ച് കൈമാറി. ചെയർപഴ്‌സൺ വിമല വിജയഭാസ്കർ സ്കൂൾ ഹെഡ്മാസ്റ്റർ എ.ആർ.സന്തോഷ് കുമാറിന് തുകയുടെ ചെക്ക് നൽകി. ബാങ്കിന്റെ വളർച്ചയ്ക്കൊപ്പം തന്നെ പ്രാദേശികമായ വികസന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ബാങ്ക് എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ചെയർപഴ്‌സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വയനാട് റീജണൽ മാനേജർ ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃക്കൈപ്പറ്റ ബ്രാഞ്ച് മാനേജർ എസ്.ജോസ് പ്രസാദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ജോർജ് റോയ് ഒ.വി, മനോജ് കുമാർ എ.വി, വിനോദൻ എ.ബി, സന്തോഷ് കുമാർ എ.ആർ തുടങ്ങിയവർ ആശംസകൾ നേർന്നു. ചീഫ് മാനേജർ അംജദ് എം. സലിം നന്ദി രേഖപ്പെടുത്തി. നെല്ലിമാളത്തെ പുതിയ മന്ദിരത്തിൽ നടന്ന ചടങ്ങിൽ നിരവധി ഉപഭോക്താക്കളും നാട്ടുകാരും പങ്കെടുത്തു.
