Home Uncategorized ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ്...

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

0

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ ഭക്തിയോടെയും വിശ്വാസത്തോടെയും ആഘോഷിക്കുന്ന പുണ്യദിനമാണ് ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ. വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും ഒരു മാസക്കാലം നീണ്ടുനിന്ന റമദാൻ നോമ്പിന് വിരാമമിട്ടു കൊണ്ടാണ് ഈ പെരുന്നാൾ എത്തുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ​ഗൾഫ് രാജ്യങ്ങളിലടക്കം ഈ വർഷം നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. യുദ്ധത്തെ തുടർന്ന് യഷ് നായകനായെത്തിയ ടോക്സിക് എന്ന സിനിമയുടെ റിലീസ് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഈദ് റിലീസ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. ധുരന്ധർ: ദ് റിവഞ്ച്

Dhurandhar The Revenge വിഡിയോ സ്ക്രീൻഷോട്ട്

ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ‘ധുരന്ധർ: ദ് റിവഞ്ച്’. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിങ്, ആർ മാധവൻ, സാറ അർജുൻ, അക്ഷയ് ഖന്ന, അർജുൻ രാം​ഗോപാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ധുരന്ധർ ആ​​ദ്യ ഭാ​ഗത്തിലെ ചോരക്കളി വലിയ ചർച്ചയായി മാറിയിരുന്നു.

ചിത്രത്തിലെ വയലന്‍സ് രംഗങ്ങളിലില്‍ ചിലത് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ നിര്‍ദേശം നൽകിയിരുന്നു. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയത്. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടുത്താനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

സബ്ടൈറ്റിലുകളിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട തീയതികൾ തിരുത്താനും നിർദേശമുണ്ട്. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കാൻ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിട്ടുണ്ട്. ‘ധുരന്ധർ 2വിന്റെ റൺടൈം 3 മണിക്കൂർ 49 മിനിറ്റാണ്. ആദ്യ ഭാഗത്തേക്കാൾ 14 മിനിറ്റ് കൂടുതലാണ് ഇത്. ചിത്രം മാർച്ച് 19 ന് തിയറ്ററുകളിലെത്തും.

2. ആട് 3

Aadu 3ഇൻസ്റ്റ​ഗ്രാം

ഷാജി പാപ്പനും കൂട്ടാളികളും ഈ ഈദിന് ഒരു വരവ് കൂടി വരുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റ് ആയി ഒരുങ്ങുന്ന ചിത്രം എപിക് ഫാന്റസി ഴോണറിലാണ് ഒരുങ്ങുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. മാർച്ച് 19 ന് ഈദ് റിലീസായാണ് ചിത്രം റിലീസിനെത്തുക.

3. യൂത്ത്

Youthഇൻസ്റ്റ​ഗ്രാം

കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായെത്തുന്ന തമിഴ് ചിത്രമാണ് യൂത്ത്. മലയാളി താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റൊമാന്റിക് കോമഡിയായാണ് ചിത്രം തിയറ്ററുകളിലെത്തുക. അനിഷ്മ അനിൽകുമാർ, ദേവദർശിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.

4. ഉസ്താദ് ഭ​ഗത് സിങ്

Ustaad Bhagat Singhഇൻസ്റ്റ​ഗ്രാം

പവൻ കല്യാൺ നായകനായി എത്തുന്ന തെലുങ്ക് ആക്ഷൻ ചിത്രമാണ് ഉസ്താദ് ഭഗത് സിങ്. ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പവൻ കല്യാൺ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ ശ്രീലീല, റാഷി ഖന്ന, ആർ പാർഥിപൻ, അശുതോഷ് റാണ, നവാബ് ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version