Home Uncategorized ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

0

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാന് നേരെ ഇസ്രയേല്‍ – യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ പറയുന്നു. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് യുഎഇ നല്‍കുന്ന വിവരം.

യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version