Home Uncategorized വയനാട്ടില്‍ അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാര്‍ഥികള്‍

വയനാട്ടില്‍ അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാര്‍ഥികള്‍

0

ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഉഷ വിജയന്‍

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. മാനന്തവാടിയില്‍(പട്ടികവര്‍ഗം) ഉഷ വിജയനെയും ബത്തേരിയില്‍ (പട്ടികവര്‍ഗം) ഐ.സി. ബാലകൃഷ്ണനെയും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിനെയും സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇവരില്‍ ബാലകൃഷ്ണനും സിദ്ദിഖും സിറ്റിംഗ് എംഎല്‍എമാരാണ്. നിയമസഭയിലേക്ക് കന്നി അങ്കമാണ് ഉഷ വിജയന്. തുടര്‍ച്ചയായി നാലാം തവണയാണ് ബാലകൃഷ്ണന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. വിവാദത്തിലും കേസിലും കുരുങ്ങിയ അദ്ദേഹത്തിന് അനിശ്ചിതത്വത്തിന് ഒടുവിലാണ് സീറ്റ് ഉറച്ചത്. ജില്ലയിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ രണ്ടാം ഊഴമാണ് സിദ്ദിഖിന്. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സിദ്ദിഖ് നഗരത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ നടത്തി. മാനന്തവാടിയില്‍ ഉഷ വിജയനും ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണനും ഇന്ന് റോഡ് ഷോ നടത്തും.
കല്‍പ്പറ്റ മണ്ഡലത്തില്‍ ആര്‍ജെഡിയിലെ പി.കെ. അനില്‍കുമാറാണ് സിദ്ദിഖിന്റെ മുഖ്യ എതിരാളി. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മാനന്തവാടിയില്‍ സിപിഎമ്മിലെ ഒ.ആര്‍. കേളുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കാലാവധി പൂര്‍ത്തിയായ മന്ത്രിസഭയില്‍ അംഗമാണ് ഇദ്ദേഹം. എന്‍ഡിഎയ്ക്കുവേണ്ടി ബിജെപിയിലെ പി. ശ്യാം രാജ് മത്സരിക്കും. ഇടുക്കി സ്വദേശിയായ ഇദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്.

ബത്തേരിയില്‍ സിപിഎമ്മിലെ എം.എസ്. വിശ്വനാഥനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എ.എസ്. കവിത
എന്‍ഡിഎ ബാനറില്‍ ജനവിധി തേടും. അരിമുള സ്വദേശിനിയായ ഇവര്‍ ബിജെപി ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി അധ്യക്ഷയാണ്. കവിത ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
പടിഞ്ഞാറത്തറ പതിനാറാംമൈല്‍ ചുണ്ടക്കണ്ടി ശാന്ത-അണ്ണന്‍ ദമ്പതികളുടെ മകളാണ് 46 കാരിയായ ഉഷ വിജയന്‍. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് എടവക മണ്ഡലം പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഉഷ നിലവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. എടവക പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എടവക എള്ളുമന്ദം കുട്ടോംനട വിജയനാണ് ഭര്‍ത്താവ്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡോയായ അഭയ്കൃഷ്ണ കെ. വിജയ്. വിദ്യാര്‍ഥിവിവേകാനന്ദ് എന്നിവര്‍ മക്കളാണ്.

കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് കാസിം-നബീസ ദമ്പതികളുടെ മകനാണ് 52കാരനായ സിദ്ദിഖ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്(2006-2008), കെപിസിസി ജനറല്‍ സെക്രട്ടറി (2012-2016), കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സബര്‍മതി ഗൃഹനിര്‍മാണ പദ്ധതി ചെയര്‍മാന്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഷറഫുന്നീസ, മക്കള്‍: ആദില്‍, ആഷിഖ്, സില്‍.

മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല ചന്തു-മീനാക്ഷി ദമ്പതികളുടെ മകനാണ് 51 കാരനായ ബാലകൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011 മുതല്‍ ബത്തേരി എംഎല്‍എയാണ്. ഭാര്യ: ലക്ഷ്മി. കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നിവര്‍ മക്കളാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version