Home Uncategorized വയനാട് മെഡിക്കൽ കോളേജ്: മടക്കി മലയിൽ ആണെങ്കിലെ വോട്ട് നൽകൂ

വയനാട് മെഡിക്കൽ കോളേജ്: മടക്കി മലയിൽ ആണെങ്കിലെ വോട്ട് നൽകൂ

0

ബത്തേരി : വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ സമ്പൂർണ യോഗം ബത്തേരി വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളോട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അനുഭവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആസ്ഥാനമായ കൽപറ്റയ്ക്ക് അടുത്ത മടക്കിമലയിൽ സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ ഭൂമിയിൽ സ്ഥാപിക്കുന്നതിന് അനുകൂലമായ പരസ്യ നിലപാട് സ്വീകരിക്കുന്ന മുന്നണിക്കും സ്ഥാനാർഥിക്കും മാത്രമേ വോട്ട് നൽകുകയുള്ളൂ എന്ന തീരുമാനം കൈകൊണ്ടു. ഇതുവരെ ഇതു സംബന്ധിച്ച് പരസ്യ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾ എല്ലാം ഈ കാര്യത്തിൽ ഒളിച്ചു കളി നടത്തുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടതും ഇത് യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും അവർ പോലും ഈ കാര്യത്തിൽ ഒരു ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല.

മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കില്ല എന്നത് രാഷ്ട്രീയ തീരുമാനവും വയനാടൻ ജനതയോടുള്ള വകുപ്പു മന്ത്രിയുടെ വെല്ലുവിളിയുമാണ്. വസ്തുതാപരമല്ലെന്ന് അറിയാമായിരുന്നിട്ടും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ചതെന്ന കള്ളം സർക്കാർ കേരള ഹൈക്കോടതിയിൽ കൊടുത്ത കൗണ്ടർ അഫിഡവിറ്റിലും ആവർത്തിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ടു സർക്കാർ നിരന്തരം കള്ള പ്രചാരണം നടത്തുന്നു. ജനങ്ങൾക്ക് ബോധ്യം വരാത്ത അടിസ്ഥാന രഹിതമായ കാരണം നിരത്തി മെഡിക്കൽ കോളേജ് മാനന്തവാടിയിലെ സ്ഥാപിക്കുകയുള്ളൂവെന്ന സർക്കാരിന്റെ കടുംപിടുത്തം സങ്കുചിത രാഷ്ട്രീയ തീരുമാനമാണ്. അതിനാൽ ഈ കാര്യത്തിൽ അനുകൂലമായ നിലപാട് എടുക്കാത്ത മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് നൽകേണ്ടതില്ലെന്ന് ആക്ഷൻ കമ്മിറ്റിയിലെ മുഴുവൻ കുടുംബാംഗങ്ങളോടും മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തകരോടും സമാന ചിന്താഗതിയുള്ള മുഴുവൻ വോട്ടർമാരോടും ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു.

വയനാട് മെഡിക്കൽ കോളേജിനായി 2026 ലെ സംസ്ഥാന ബഡ്ജറ്റിൽ ഒരു രൂപ പോലും പ്രത്യേകമായി നീക്കി വച്ചിട്ടില്ലെന്നിരിക്കെ അക്കാദമിക് ബ്ലോക്ക് നിർമ്മാണത്തിനായി 350 കോടി രൂപ ബജറ്റിൽ നീക്കി വച്ചതായി ഉള്ള മന്ത്രി ഒ. ആർ. കേളുവിന്റെ പ്രസ്താവന പച്ചക്കള്ളമാണ്പ്രസ്താവന മന്ത്രി പിൻവലിച്ചു പരസ്യമായി വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം. അല്ലെങ്കിൽ അദ്ദേഹത്തിന് എതിരെ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളും. 2026 ലെ സംസ്ഥാന ബജറ്റിൽ കേവലം 57. 09 കോടി രൂപ ഇടുക്കി, കോന്നി, വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളുടെ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് സംസ്ഥാന ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. ഇതിൽ എത്ര പണം വയനാട് മെഡിക്കൽ കോളേജിനായി നീക്കിവച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാലക്കാട് മെഡിക്കൽ കോളേജിന് 20 കോടിയും തിരുവനന്തപുരം മെഡിക്കൽ കോളേജിന് 12 കോടിയും ക്യാൻസർ ചികിത്സയ്ക്കായി പത്തു കോടിയും വേസ്റ്റ് മാനേജ്മെന്റിന് 22 കോടിയും ഉടുമ്പൻ ചോല ആയുർവേദ കോളേജിന് 1.5 കോടിയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അതായത് വയനാട് മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ ഒരു രൂപ പോലും പ്രത്യേകം നീക്കി വയ്ക്കാതെയാണ് മന്ത്രി ജനങ്ങളോട് പച്ചക്കള്ളം വിളിച്ചു പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും നമ്മുടെ നിയമസഭയോടുള്ള അനാദരവും അവഹേളനവും ഒരു നിയമസഭ സാമാജികൻ എന്ന നിലയിലുള്ള സത്യപ്രതിജ്ഞ ലംഘനവും ആണ്.
ഇത്തരത്തിലുള്ള പ്രചാരവേലകൾ എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുടില രാഷ്ട്രീയ തന്ത്രമാണ്. ഇതിനെതിരെ ജനം പ്രതികരിക്കണം. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിലെ ഭൂമിയിൽ തന്നെ സ്ഥാപിക്കുന്നതിനായി കേരള ഹൈക്കോടതിയിൽ വീണ്ടും റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസും ലോകായുക്തയിൽ നിലവിലുള്ള കേസുകളോടൊപ്പം തുടരും. അതോടൊപ്പം മെഡിക്കൽ കോളേജിനായുള്ള പ്രക്ഷോഭ പരിപാടികൾ ഊർജിതമായി തുടരുന്നതിനും ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജില്ലാ പ്രസിഡൻ്റ് കെ എൻ പ്രേമലത അധ്യക്ഷത വഹിച്ചു. സദസ്സ് മോഹൻ നവരങ്ങ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വക്കേറ്റ് വി. പി എൽദോ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഡോക്ടർ എം. ബാലകൃഷ്ണൻ സംസാരിച്ചു. കെ.എസ്. എച്ച് .ആർ . പി .സി ജില്ലാ സെക്രട്ടറി കെ വി ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി എച്ച് സജിത് കുമാർ പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വട്ടേക്കാട്, കെ. എ. അബ്ദുൽ മനാഫ് കെ. ടി. സുബ്രഹ്മണ്യൻ നീലഗിരി, എം. വസന്ത പനമരം എന്നിവരും സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version