Home Uncategorized സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി; ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം

സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി; ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം

0

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് കലാശപ്പോരില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യ വച്ചത് 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടിയതാണ് മികച്ച ഇന്നിങ്‌സ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്. തുടക്കത്തില്‍ അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തിലാണ് അഭിഷേക് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടിയത്. ഒടുവില്‍ 52 റണ്‍സുമായി അഭിഷേക് മടങ്ങിയെങ്കിലും അഭിഷേക് ശര്‍മ്മ നിര്‍ത്തിയെടുത്ത് നിന്ന് ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം തുടരുന്നതാണ് പിന്നീട് കണ്ടത്.

അതിനിടെ കഴിഞ്ഞ കളികളില്‍ ടീമിന്റെ നെടുംതൂണായിരുന്ന സഞ്ജു സാംസണും സംഹാര താണ്ഡവമാടി. ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് 46 പന്തില്‍ 89 റണ്‍സ് ആണ് ഒഴുകിയത്. എട്ടു സിക്‌സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്‌സ്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. ഇന്ത്യ 7.2 ഓവറില്‍ സ്‌കോര്‍ നൂറ് കടത്തി.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടീം സ്‌കോര്‍ 200 കടന്ന ശേഷമാണ് സഞ്ജു മടങ്ങിയത്. ലോകകപ്പില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണിത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ആ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വിക്കറ്റുകള്‍ തുടരെ തുടരെ വീഴുന്നതാണ് പിന്നീട് കണ്ടത്. 204 റണ്‍സില്‍ നില്‍ക്കെ ഇഷാന്‍ കിഷനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിന് നഷ്ടമായി. അതിനിടെ 25 പന്തില്‍ 54 റണ്‍സ് എടുത്ത ഇഷാന്‍ ടീം ആഗ്രഹിച്ച പ്രകടനമാണ് പുറത്തെടുത്തത്.

ട്വന്റി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളില്‍ സ്‌കോര്‍ നേടുന്നത്. 2009 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട്. മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണര്‍മാരും കത്തിക്കയറി. മൂന്നാം ഓവറില്‍ 15 റണ്‍സ് നേടിയപ്പോള്‍, ലോക്കി ഫെര്‍ഗൂണ്‍ എറിഞ്ഞ നാലാ ഓവറില്‍ 24 റണ്‍സാണ് അഭിഷേകും സഞ്ജുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറില്‍ 21 റണ്‍സും ആറാം ഓവറില്‍ 20 റണ്‍സും പിറന്നു.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version