Home Uncategorized ഈട്ടിത്തടികള്‍ പിടിച്ചെടുത്ത കേസില്‍അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല

ഈട്ടിത്തടികള്‍ പിടിച്ചെടുത്ത കേസില്‍അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല

0

കല്‍പ്പറ്റ: വയനാട്ടില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളം കരിമുകളിലെ മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്ത കേസില്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല.
പിടിച്ചെടുത്ത ഈട്ടിക്കഷണങ്ങള്‍ എവിടെനിന്നു മുറിച്ച മരങ്ങളുടേതാണെന്ന് വനം വകുപ്പിന് ഇനിയും സ്ഥിരീകരിക്കാനായില്ല. 47 ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന ഈ തടികള്‍ കണ്ടുകെട്ടാനും കഴിഞ്ഞില്ല.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറി വിവാദമായ പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരി എട്ടിന് അന്നത്തെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറാണ് കരിമുകളില്‍നിന്നു ഈട്ടിക്കഷണങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഈ തടികള്‍ കണ്ടുകെട്ടുന്നതില്‍ അന്വേഷണം പൂര്‍ത്തിയാക്കി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ 61 എ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്‌ക്കേ നടപടി സ്വീകരിക്കാനാകൂവെന്ന നിലപാടിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ. മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഡിഎഫ്ഒയുടെ കാര്യാലയത്തില്‍നിന്ന് ഈയിടെ നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കരിമുകളില്‍നിന്നു പിടിച്ചെടുത്ത ഈട്ടിക്കഷണങ്ങളുടെ ഉറവിടം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു.
വാഴവറ്റയിലെ സൂര്യ ടിമ്പേഴ്‌സില്‍നിന്നു കയറ്റിയ തടികളാണ് മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്തതെന്ന് റേഞ്ച് ഓഫീസര്‍ തയാറാക്കിയ മഹസറില്‍ പറയുന്നുണ്ട്. തടികള്‍ എത്തിച്ചയാളെ സംബന്ധിച്ച മില്ലുടമയുടെ മൊഴിയും മഹസറിലുണ്ട്. തടികള്‍ കെഎല്‍ 19 2765 നമ്പര്‍ ലോറിയില്‍ 2021 ഫെബ്രുവരി മൂന്നിന് വാഴവറ്റയില്‍നിന്നു കയറ്റി ലക്കിടി, താമരശേരി, കോഴിക്കോട് വഴിയാണ് എറണാകുളത്തിന് കൊണ്ടുപോകേണ്ടതെന്ന് കടത്തുപാസില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി നാലിനാണ് തടികള്‍ കരിമുകളിലെ മില്ലില്‍ ഇറക്കിയത്. തടികളെ സംബന്ധിച്ച രേഖകള്‍ മില്ലുടമയ്ക്ക് കൈമാറിയിരുന്നില്ല. ഈ വിവരം മില്ലുടമ നോര്‍ത്ത് സോണ്‍ വനം കണ്‍സര്‍വേറ്ററെ അറിയിച്ചതിനെത്തുടര്‍ന്നാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തടികള്‍ കസ്റ്റഡിയില്‍ എടുത്തത്. തടികള്‍ രണ്ട് ലോറികളില്‍ കയറ്റി വയനാട്ടിലെത്തിച്ചാണ് അന്നത്തെ സൗത്ത് വയനാട് ഡിഎഫ്എ രഞ്ജിത്തിനെ ഏല്‍പ്പിച്ചത്.
വാഴവറ്റയില്‍നിന്ന് ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിക്കുന്നതിന് ഉപയോഗിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും കണ്ടുകെട്ടല്‍ നടപടിക്ക് വിധേയമാക്കിയില്ല. കരിമുകളിലെ മില്ലില്‍നിന്നു ഈട്ടിത്തടികള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഒആര്‍ 1/2021 നമ്പറായി കേസെടുത്തിരുന്നു. വനനിയമം 27-ാം വകുപ്പ് പ്രകാരമായിരുന്നു കേസ്. ഒആര്‍ 41/2021 നമ്പറായി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/2021 കേസിലാണ് പ്രതികളുടെ അറസ്റ്റ് നടന്നത്. ഒആര്‍ 1/2021, 41/2021 കേസുകളില്‍ വനംവകുപ്പ് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള ഈ കേസുകളില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുറ്റപത്ര സമര്‍പ്പണവും വൈകുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version