കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവത്തിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷിന്റെ മൊഴിയിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.
കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചു എന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു.
ഗണ്‍മാന്റെയും മന്ത്രിയുടെയും ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അതിക്രമിച്ചുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകളും ഇവരുടെപേരില്‍ ചുമത്തിയിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റ മന്ത്രിക്ക് യാത്രതുടരാനായില്ലെന്നും ജില്ലാ ആശുത്രിയില്‍ ചികിത്സതേടിയതിന് ശേഷം അവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനു മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.
ഇതിനിടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഇന്ന് വിദഗ്ദ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആര്‍ഐ സ്‌കാനിംഗ് ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കെഎസ്യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ പരാതി. ശക്തമായ വേദന അനുഭവപ്പെട്ട മന്ത്രിയെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ അഞ്ചര മണിക്കൂര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
