Home Uncategorized മെഡിക്കല്‍ കോളജ്: കോടതിയെ സമീപിക്കുമെന്ന് എസ്എച്ച്ആര്‍പിസി

മെഡിക്കല്‍ കോളജ്: കോടതിയെ സമീപിക്കുമെന്ന് എസ്എച്ച്ആര്‍പിസി

0

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് മടക്കിമലയിലെ ഭൂമി പരിഗണിക്കുന്നതിന് നല്‍കിയ നിവേദനം സര്‍ക്കാര്‍ നിരസിച്ചതിനെതിരേ എസ്എച്ച്ആര്‍പിസി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ നിവേദനം നിരസിച്ചത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാക്കിയിരുന്ന ഭൂമിയില്‍ മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം നടത്തുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിനാണ് എസ്എച്ച്ആര്‍പിസി നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ നിശ്ചിത സമയത്തിനകം തീരുമാനം എടുത്തില്ല. ഇതിനെതിരേ എസ്എച്ച്ആര്‍പിസി കോടതി അലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തപ്പോള്‍ രണ്ട് തവണകളിലായി സര്‍ക്കാര്‍ മൂന്ന് ആഴ്ച കൂടുതല്‍ സമയം നേടി. മടക്കിമല ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതല്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2018ലെ പ്രളയകാലത്ത് മടക്കിമല ഭൂമിയില്‍ ചെറിയതോതിലുള്ള മണ്ണിടിച്ചില്‍ പോലും ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുമെന്നുണ്ടെങ്കില്‍ മടക്കിമലയിലെ ഭൂമി വീണ്ടും വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്നാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലെയും ജനങ്ങളുടെ ആഗ്രഹം. മെഡിക്കല്‍ കോളജ് വികസനത്തിന് മാനന്തവാടി അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഏറ്റെടുക്കുന്നതിന് നീക്കം അന്തിമഘട്ടത്തിലാണെന്ന സര്‍ക്കാര്‍ ഭാഷ്യത്തില്‍ കാമ്പില്ല. വനം വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമല്ല. പരിമിതികള്‍ക്ക് നടുവിലാണ് നിലവില്‍ മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ആര്‍പിസി കോടതിയെ സമീപിക്കുകയെന്നും ഗോകുല്‍ദാസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version