Home Uncategorized ‘അതാ ചതിയന്‍ വരുന്നു’, കേന്ദ്രമന്ത്രിക്കെതിരെ രാഹുല്‍; ‘രാജ്യത്തിന്റെ ശത്രു’വെന്ന് ബിട്ടു; പാര്‍ലമെന്റിന് മുന്നില്‍ വാക്‌പോര്

‘അതാ ചതിയന്‍ വരുന്നു’, കേന്ദ്രമന്ത്രിക്കെതിരെ രാഹുല്‍; ‘രാജ്യത്തിന്റെ ശത്രു’വെന്ന് ബിട്ടു; പാര്‍ലമെന്റിന് മുന്നില്‍ വാക്‌പോര്

0

ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്നില്‍ കേന്ദ്രമന്ത്രി രവനീത് ബിട്ടുവും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര്. രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പായിരുന്നു സംഭവം. ചതിയനെന്ന് രാഹുല്‍ വിളിച്ചപ്പോള്‍, ദേശദ്രോഹിയെന്ന് രാഹുല്‍ ഗാന്ധിയെ ബിട്ടുവും തിരിച്ചു വിളിച്ചു.

ഇന്നലെ ലോക്‌സഭയില്‍ നടന്ന ബഹളത്തില്‍ സസ്‌പെന്‍ഷനിലായ, ഹൈബിയും ഡീന്‍ കുര്യാക്കോസും അടക്കമുള്ള 8 പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നുണ്ടായിരുന്നു. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനാണ് രാഹുല്‍ ഗാന്ധി അവിടെയെത്തിയത്. ഈ സമയത്താണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് ബിട്ടു അതുവഴി കടന്നുപോയത്.

‘യുദ്ധം ജയിച്ചവരെപ്പോലെയാണ് ഇവര്‍ ഇരിക്കുന്നത്’ എന്ന് പ്രതിഷേധ ധര്‍ണ നടത്തുന്ന സസ്‌പെന്‍ഷനിലായ എംപിമാരെ നോക്കി കേന്ദ്രമന്ത്രി റവനീത് ബിട്ടു പറഞ്ഞു. ഇതോടെയാണ് ബിട്ടുവിനെതിരെ രാഹുല്‍ രൂക്ഷ പ്രതികരണം നടത്തിയത്. ‘ഇതാ ഒരു ചതിയന്‍ നടന്നു വരുന്നു. അയാളുടെ മുഖത്തേക്ക് നോക്കൂ’ എന്ന് വിരല്‍ ചൂണ്ടി പറഞ്ഞു. ഇതോടെ മറ്റു കോണ്‍ഗ്രസ് എംപിമാരും ബിട്ടുവിനു നേരെ വിരല്‍ ചൂണ്ടി പ്രതിഷേധിച്ചു.

തുടര്‍ന്ന് ഹസ്തദാനത്തിനായി രാഹുല്‍ ബിട്ടുവിനു നേരെ കൈ നീട്ടി. ‘ഹലോ സഹോദരാ, ചതിയനായ സുഹൃത്തേ, വിഷമിക്കേണ്ട നിങ്ങള്‍ ഇങ്ങോട്ടു തന്നെ ( കോണ്‍ഗ്രസ്) വരും. ‘ രാഹുല്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങള്‍ ദേശത്തിന്റെ ശത്രു’വാണ് എന്നു പറഞ്ഞ് രവനീത് ബിട്ടു ഹസ്തദാനത്തിന് വിസമ്മതിച്ചു.

‘നിങ്ങള്‍ രാജ്യദ്രോഹികളും രാജ്യത്തിന്റെ ശത്രുക്കളുമാണ്. രാജ്യത്തെയും സേനയെയും കുറിച്ച് എല്ലാ ദിവസവും മോശമായി സംസാരിക്കുന്നു. സിഖുകാരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഗാന്ധി കുടുംബത്തിന്റെ പിന്‍ഗാമിക്ക് ഒരു സര്‍ദാര്‍ ഒരിക്കലും കൈ കൊടുക്കില്ല’, എന്നും ബിട്ടു പറഞ്ഞു. രാഹുലും കേന്ദ്രമന്ത്രിയും തമ്മിലുള്ള വാക്‌പോരിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് രവ്‌നീത് ബിട്ടു. ലുധിയാന, അനന്ത്പൂര്‍ സാഹിബ് മണ്ഡലങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2021ല്‍ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവുമായിരുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് രവ്‌നീത് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് രാജ്യസഭാംഗമാകുകയും, കേന്ദ്ര റെയില്‍വേ സഹമന്ത്രിയാകുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version