വയനാട് തൃക്കൈപ്പറ്റയില്‍ സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ഗോവ പീസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്യുന്നു.
തൃക്കൈപ്പറ്റ(വയനാട്): ഭൂമിയെ പ്രാണന്‍പോലെ കാത്ത് വരുംതലമുറയ്ക്ക് കൈമാറണമെന്ന് ഗോവ പീസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി. തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, നന്‍മ മരം കൂട്ടായ്മ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. പ്രകൃതിയോട് സമൂഹം ധാര്‍മികത പുലര്‍ത്തണമെന്ന് കുമാര്‍ കലാനന്ദ് മണി പറഞ്ഞു. പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദര്‍ശനം എന്ന വിഷയത്തില്‍ ഡോ.ഇ. ഉണ്ണിക്കൃഷ്ണന്‍ പ്രഭാഷണം നടത്തി. നന്‍മ മരം കൂട്ടായ്മയിലെ താജുദീന്‍, സെന്റര്‍ എംപവര്‍മെന്റ് കമ്മിറ്റി മുന്‍ അംഗം അഡ്വ.മഹേന്ദ്ര വ്യാസ്, നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് മുന്‍ അംഗം പ്രവീണ്‍ ഭാര്‍ഗവ്, ഉറവ് ഇക്കോ ലിങ്ക്‌സ് ഡയറക്ടര്‍ ടി. ശിവരാജ്, നന്‍മമരം കൂട്ടായ്മയിലെ സി.എസ്. മുരളി എന്നിവര്‍ പ്രസംഗിച്ചു. കേരള വനം ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ഈസ മനുഷ്യ-വന്യജീവി സംഘര്‍ഷവും ആനത്താരകളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ.മാധവ് ഗാഡ്ഗിലിനു ഹരിത ആദരവ് നല്‍കി അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന മുളന്തൈ നട്ടാണ് സമ്മേളനത്തിനു തുടക്കമായത്.
പശ്ചിമഘട്ടത്തിന്റെ നാശവും പുനരുജ്ജീവനവും, ഇന്ത്യയില്‍ അതിവേഗം മാറ്റുന്ന പരിസ്ഥിതി നിയമങ്ങള്‍, വികസന നയങ്ങള്‍, തീരദേശ പരിസ്ഥിതിയും വെല്ലുവിളികളും, നാടന്‍ മരുന്നുകളുടെ നാശം, തണ്ണീര്‍ത്തടങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
