മാനന്തവാടി: ജില്ലയിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് വൻ തോതിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് പാവൽ കൃഷി നശിക്കുന്നത്.
ഇഞ്ചികൃഷിയിലും നെൽകൃഷിയിലും സംഭവിച്ചത് ആദ്യം പാവൽ തൈകളുടെ ഇലകൾക്കാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്. ഇത് മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുത്തെങ്കിലും പിന്നീടുണ്ടാകുന്ന പാവലുകൾ മഞ്ഞളിപ്പ് ബാധിച്ച് മുരടിക്കുകയാണ്.
ഇതോടെ പാവൽ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് പകുതിയിലും താഴെയെത്തിയെന്നാണ് കർഷകർ പറയുന്നത്. രോഗത്തിനെതിരെ പലവിധ വളപ്രയോഗങ്ങൾ നടത്തിയിട്ടും കായകളിലെ മഞ്ഞളിപ്പ് ഇല്ലാതാവുകയോ കുറയുകോ ചെയ്യുന്നില്ല.
കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പ്രതിവിധി ഫലപ്രദമല്ല. ഒരു ഏക്കർ നെൽകൃഷി ചെയ്യാൻ ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. ഇതിന് പുറമേ കർഷകരുടെ അധ്വാനവും. കൂടുതൽ വിളവ് ലഭിക്കുന്ന മായ വിത്ത് ഉപയോഗിച്ചാണ് ഭൂരിഭാഗം കർഷകരും പാവൽ കൃഷി ചെയ്‌തത്.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പാവൽ വിളവെടുപ്പ്. മുൻ കാലങ്ങളിൽ ഒരുപ്രാവശ്യം പാവകൃഷി ചെയ്താൽ 28 തവണയെങ്കിലും വിളവെടുക്കാൻ കഴിയുമായിരുന്നു. ഇത്തവണ 10 തവണ പോലും വിളവെടുക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
നിരവിൽപ്പുഴ കരുവളം സ്വദേശികളായ മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ കരുവളത്ത് ഗിരീഷ് എന്നിവർ സ്വന്തമായുള്ള ഒന്നേകാൽ ഏക്കറിലും 25,000 രൂപയ്ക്ക്പാട്ടത്തിനെടുത്ത 80 സെന്റിലും പാവൽ കൃഷി ചെയ്തെങ്കിലും 70 ശതമാനം പാവലും മഞ്ഞളിപ്പ് രോഗം മൂലം നശിച്ച് പോയി.
നിരവിൽപ്പുഴയിലെ ആവയൽ ലക്ഷ്മണൻ, മുണ്ടക്കാട്ട് ബിജു എന്നിവർ പാട്ടത്തിന്നെടുത്ത ഒന്നര ഏക്കറിൽ കൃഷി ചെയ്‌ത പാവലും മഞ്ഞളിപ്പ് മൂലം നശിച്ചു പോയി. നല്ല രീതിയിൽ പാവക്കയുടെ തിരി വരുകയും പിന്നീട് മഞ്ഞളിപ്പ് വന്ന് നശിച്ച് പോവുകയും ചെയ്യുന്നതിന് പരിഹാരം കാണാൻ കൃഷി വകുപ്പിനും കഴിയുന്നില്ല. ആദ്യ ഘട്ടത്തിൽ കൃഷിയിടങ്ങളിൽ ഇടനിലക്കാർ നേരിട്ട് വന്ന് കിലോയ്ക്ക് 30 രൂപ നിരക്കിൽ പാവക്ക വിലയ്ക്കെടുത്തിരുന്നു.
മഞ്ഞളിപ്പ് രോഗം വന്നതോടെ വില കുത്തനെ ഇടിയുകയും കിലോയ്ക്ക് 18 രൂപയുമാണ് ലഭിക്കുന്നത്. ബാങ്ക് വായ്‌പ എടുത്തും സ്വർണം പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയുമാണ് ഭൂരിഭാഗം കർഷകരും പാവൽ കൃഷി ചെയ്തത്. നല്ല ലാഭം ലഭിക്കുമായിരുന്ന പാവൽ കൃഷി മഞ്ഞളിപ്പ് മൂലം നശിച്ചതോടെ കർഷകർക്ക് ഭീമമായ തുകയാണ്
നഷ്ടമായിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും സാന്‌പത്തിക സഹായം ലഭിച്ചില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും
