Home Uncategorized ഹിമാലയം കടന്ന് അഥിതി വയനാട്ടിൽ

ഹിമാലയം കടന്ന് അഥിതി വയനാട്ടിൽ

0

കൽപറ്റ:ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്നു ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്ത്‌ അഥവാ Bar-headed goose വയനാട്ടിൽ എത്തി. വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസി (Asian Waterbird Census)ലാണ് കുറിത്തലയൻ വാത്തിനെ കണ്ടെത്തിയത്. ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. തണുപ്പു കാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. ഓക്സിജൻ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ഈ പക്ഷി ജീവ ലോകത്തെ ഒരു അത്ഭുതമാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒൻപതോളം പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ ദേശാടനപ്പക്ഷികളും തദ്ദേശീയ പക്ഷികളും ഉൾപ്പെടെ ആകെ 159 ഇനം പക്ഷികളിലായി 1467 പക്ഷികളെ കണ്ടെത്തി. ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സോഷ്യൽ ഫോറസ്ട്രി വയനാട്, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്സ് എന്നിവ സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലാറച്ചാൽ, ചേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമാണ് നീർപ്പക്ഷി സർവേ നടന്നത്. മുതിർന്ന പക്ഷി നിരീക്ഷകർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരടക്കം 35 ഓളം പേർ സർവേക്ക് നേതൃത്വം നൽകി. വയനാടിന്റെ സ്വന്തം ‘വയനാട് കുട്ടി ബേഡേഴ്സ്’ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഇത്തവണത്തെ സർവേയുടെ പ്രത്യേകതയായിരുന്നു. സോഷ്യൽ ഫോറസ്ട്രി RFO സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

കുറിത്തലയൻ വാത്ത്‌ കൂടാതെ അപൂർവയിനം പക്ഷികളായ തീപ്പൊരിക്കണ്ണൻ (Watercock), മഴക്കൊച്ച (Cinnamon Bittern) എന്നിവയും ദേശാടകനായി എത്തിയ വലിയ പുള്ളി പരുന്തും (Greater spotted eagle) സർവേയിൽ കണ്ടെത്താനായി . വയനാട്ടിൽ വളരെ അപൂർവമായി കാണപ്പെടുന്നതും എന്നാൽ കേരളത്തിൽ മറ്റിടങ്ങളിൽ കാണപ്പെടുന്നതുമായ പവിഴക്കാലിയെ (Black winged stilt ) കണ്ടെത്തിയതും സർവേയുടെ പ്രത്യേകതയായി.
കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നതും പക്ഷി വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താൻ ഇത്തരം ശാസ്ത്രീയമായ കണക്കെടുപ്പുകൾ സഹായിക്കുമെന്ന് സർവേ കോർഡിനേറ്റർമാരായ ആർ.എൽ.രതീഷും അഹമ്മദ് സഈദും അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version