മാനന്തവാടി : 2021 മുതൽ മരവിപ്പിച്ച സഹകരണ പെൻഷൻകാരുടെ ഡി എ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തുന്ന സത്യാഗ്രഹസമരം വിജയിപ്പിക്കാൻ അസോസിയേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിനു ഒരു വിധത്തിലുള്ള സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത പെൻഷൻ പദ്ധതിയാണ് സഹകരണ പെൻഷൻ പദ്ധതി. സഹകരണ പെൻഷൻ ബോർഡിൽ മതിയായ ഫണ്ട് ഉണ്ടായിരുന്നിട്ടും പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്ത നടപടി നീതീകരിക്കാൻ കഴിയില്ല. അനിശ്ചിത കാല സമരത്തിന് മുഴുവൻ സഹകരണ പെൻഷൻ കാരും തയ്യാറെടുക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ജി ഭാസ്കരൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ കെ കേളപ്പൻ , തോമസ് ദേവസ്യ, അബുബക്കർ എന്നിവർ സംസാരിച്ചു. എസ് വിജയകുമാരൻ നായർ സ്വാഗതവും പി പി സുനിൽകുമാർ നന്ദിയും പറഞ്ഞു.
