കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ കുറുമ സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കുറുമന്‍ സംരക്ഷണ സമിതി കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തും. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി, ഡിസിസി പ്രസിഡന്റുമാര്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് വി. കാര്‍വര്‍ണന്‍, സെക്രട്ടറി എം. രാഘവന്‍, ജില്ലാ ഭാരവാഹികളായ ബാബു താഴത്തുവയല്‍, ഉണ്ണിക്കൃഷ്ണന്‍ എടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബത്തേരി നിയോജകമണ്ഡലത്തിലെ പ്രബല പട്ടികവര്‍ഗ വിഭാഗമാണ് കുറുമന്‍. പുല്‍പ്പള്ളി, നെന്‍മേനി, അമ്പലവയല്‍, മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ അനേകം കുറുമ ഉന്നതികളുണ്ട്. നിയോജകമണ്ഡലത്തില്‍ കുറുമ സമുദായത്തില്‍പ്പെട്ട 30,000ല്‍പരം വോട്ടര്‍മാരുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പൊം നില്‍ക്കുന്നവരാണ് ഇവരില്‍ അധികവും. എങ്കിലും വി. മധുരയും കെ. രാഘവനും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ രാധ രാഘവനും മാത്രമാണ് സമുദായത്തില്‍നിന്നു നിയമസഭയിലെത്തിയത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ മാനന്തവാടിയില്‍നിന്നുള്ള കുറിച്യ സമുദായാംഗം ഐ.സി. ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. 2021ലെ തെരഞ്ഞെടുപ്പില്‍ ബത്തേരി സീറ്റ് കുറുമന്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഇത് സമുദായ അംഗങ്ങളില്‍ കുറച്ചുപേരെങ്കിലും എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും നീങ്ങുന്നതിനു കാരണമായി.
കുറുമ സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ കോണ്‍ഗ്രസിന്റെ ജില്ലാ, പ്രാദേശിക നേതൃനിരയില്‍ സജീവമാണ്. നിയമസഭയിലേക്കു മത്സരിക്കുന്നതിനു യോഗ്യതുള്ളവരാണ് ഇവരില്‍ പലരും. കുറുമ സമുദായത്തിന്റെ ഉന്നമനത്തിന് എംഎല്‍എ എന്ന നിലയില്‍ ബാലകൃഷ്ണനു എടുത്തുപറയത്തക്ക സംഭാവനകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
