Home Uncategorized വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയിൽ ഗുരുതര പിഴവ്;സ്ത്രീകളുടെ ജീവനും മാനവും പന്താടുന്ന ആരോഗ്യ സംവിധാനത്തിനെതിരെ...

വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയിൽ ഗുരുതര പിഴവ്;സ്ത്രീകളുടെ ജീവനും മാനവും പന്താടുന്ന ആരോഗ്യ സംവിധാനത്തിനെതിരെ നടപടി വേണം – ബബിത ശ്രീനു

0

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ ഉണ്ടായ ഗുരുതര ചികിത്സാപ്പിഴവ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബബിത ശ്രീനു.
വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

മാനന്തവാടി സ്വദേശിനിയായ ദേവി പ്രസവശേഷം രണ്ട് മാസത്തോളം അസഹ്യമായ വേദന അനുഭവിക്കുകയും, പിന്നീട് ശരീരത്തിനുള്ളിൽ നിന്നു തുണിക്കഷ്ണം പുറത്തുവരികയും ചെയ്ത സംഭവം അത്യന്തം ഗുരുതരമാണ്. രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടും ‘വെള്ളം കുടിക്കാത്തതിന്റെ പ്രശ്നം’ എന്ന് പറഞ്ഞ് മടക്കി അയച്ചത് സ്ത്രീരോഗികളോടുള്ള അനാസ്ഥയും അവഗണനയും വ്യക്തമാക്കുന്നതാണ്.
ആശുപത്രിയിൽ എത്തിയപ്പോൾ ദേവിയുടെ ബന്ധുവിനോട് നഴ്സ് നടത്തിയ അവഹേളനപരമായ പരാമർശം സ്ത്രീകളോടുള്ള സമീപനത്തിന്റെ ക്രൂരത കൂടി വെളിപ്പെടുത്തുന്നു. ഡിസംബർ 29ന് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നത് ഭരണകൂട അനാസ്ഥയുടെ തെളിവാണ്. മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചതെന്നത് അതീവ ഖേദകരമാണ്.
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കേണ്ട പൊതുജനാരോഗ്യ സംവിധാനം തന്നെ സ്ത്രീകളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് മാറുന്നത് അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി ഭരണസമിതിക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ദേവിക്ക് മതിയായ നഷ്ടപരിഹാരവും നിയമനീതിയും ഉറപ്പാക്കണമെന്നും ബബിത ആവശ്യപ്പെട്ടു.

പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സഫീന ഹംസ അധ്യക്ഷത വഹിച്ചു.
ജമീല ടീച്ചർ ബോധവൽക്കരണം നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് ലൈല, സെക്രട്ടറി സുമയ്യ, ജോയിന്റ് സെക്രട്ടറി ഖദീജ, ട്രഷറർ റാബിയ, കമ്മിറ്റിയംഗങ്ങളായ അഫ്സാന, നാസിറ വി പി തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version