ടെഹ്‌റാന്‍ : ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ മത നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ച് പ്രതിഷേധക്കാര്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങള്‍ കത്തിച്ച് സിഗരറ്റ് കൊളുത്തിയും ശിരോവസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചുമാണ് പ്രതിഷേധങ്ങള്‍. ഇത്തരം പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യക്തി സ്വാതന്ത്ര്യങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്ന ഇറാനിലെ മത നിയമങ്ങളെയാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമായ രാജ്യമാണ് ഇറാന്‍. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. സ്ത്രീകള്‍ പുകവലിക്കുന്നതിനും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിലക്ക് നിലവിലുണ്ട്. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റവുമാണ്. 2022ല്‍ ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നവര്‍ കര്‍ശനമായ നടപടികള്‍ നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഇത്തരം പ്രതിഷേധ രീതികള്‍ വ്യാപകമാകുന്നത്. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടാല്‍ വധശിക്ഷ നേരിടേണ്ടിവരുമെന്ന് ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരം മുന്നറിയിപ്പുകള്‍ പാടെ തള്ളിയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പുരോഗമിക്കുന്നത്.
പ്രക്ഷോഭം തണുപ്പിക്കാനെന്ന പേരില്‍ കടുത്ത നിയന്ത്രണങ്ങളും ഇതിനോടകം ഭരണകൂടം നടപ്പാക്കുന്നുണ്ട്. രാജ്യത്തിന്റെ ഇന്റര്‍നെറ്റും ടെലിഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായി നാല്‍പതില്‍ അധികം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, രാജ്യത്തെ ആറ് ആശുപത്രികളില്‍ മാത്രമായി, ചുരുങ്ങിയത് 217 പ്രതിഷേധക്കാര്‍ മരിച്ചതായും, ഇവരില്‍ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചതെന്നും ടെഹ്റാനിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
