ടെഹ്‌റാന്‍: വിലക്കയറ്റ വിരുദ്ധ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയ ഇറാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രക്ഷോഭം 13 ദിവസം പിന്നിടുമ്പോള്‍ പ്രതിഷേധക്കാരോട് നിലപാട് കടുപ്പിക്കുകയാണ് ഇറാന്‍ അധികൃതര്‍. പ്രക്ഷോഭകാരികളെ വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തന്നെ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് ഒരു വിഭാഗം പ്രക്ഷോഭകാരികള്‍ ശ്രമിക്കുന്നത് എന്നാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.
രാജ്യത്ത് പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആയത്തുള്ള അലി ഖൊമേനി. ട്രംപിനെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രതികരണം. ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ പ്രതിഷേധക്കാരെ കായികമായി നേരിട്ടാല്‍ യുഎസ് ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് പരാമര്‍ശിച്ചാണ് പരമോന്നത നേതാവിന്റെ പ്രതികരണം.
