Home Uncategorized കോൺ​ഗ്രസ് ലക്ഷ്യംവെക്കുന്നത് 71 നിയമസഭാ മണ്ഡലങ്ങളിലെ വിജയം; തനിച്ച് ഭൂരിപക്ഷം നേടുമ്പോഴും ചെറുകക്ഷികളെയും ചേർത്തുനിർത്തും; കേരളം...

കോൺ​ഗ്രസ് ലക്ഷ്യംവെക്കുന്നത് 71 നിയമസഭാ മണ്ഡലങ്ങളിലെ വിജയം; തനിച്ച് ഭൂരിപക്ഷം നേടുമ്പോഴും ചെറുകക്ഷികളെയും ചേർത്തുനിർത്തും; കേരളം പിടിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനുറച്ച് നേതാക്കൾ

0

കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയേയും മുന്നണിയേയും സജ്ജമാക്കാൻ കോൺ​ഗ്രസ്. സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനതന്ത്രങ്ങളാണ് നേതൃത്വം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ജനുവരി 4, 5 തീയതികളിൽ വയനാട്ടിൽ കോൺ​ഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ നേതൃസമിതികളിൽ നിന്നുള്ള 170 മുതിർന്ന നേതാക്കളാകും കോൺക്ലേവിൽ പങ്കെടുക്കുക. സ്ഥാനാർഥി നിർണയത്തിനും പാർട്ടി പുനഃസംഘടനയ്ക്കുമായി പൊതുവായ മാനദണ്ഡങ്ങൾ കോൺക്ലേവിൽ രൂപപ്പെടുത്തും.
സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ജനുവരി ആദ്യവാരത്തിൽ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച മാതൃക തുടർന്നുകൊണ്ട്, നിയമസഭാ സ്ഥാനാർഥികളെ താഴെത്തട്ടിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനാണ് ധാരണ. മണ്ഡലതല കോർ കമ്മിറ്റികൾ മുന്നോട്ടുവെക്കുന്ന പേരുകളാകും നിർണയത്തിന്റെ അടിസ്ഥാനം. സിറ്റിങ് എംഎൽഎമാരിൽ ഒന്നുരണ്ട് പേരൊഴികെ എല്ലാവർക്കും വീണ്ടും അവസരം നൽകാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 93 സീറ്റുകളിൽ മത്സരിച്ചപ്പോൾ 21 ഇടങ്ങളിൽ മാത്രമാണ് വിജയിച്ചത്. അന്ന് ചെറിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട സ്ഥാനാർഥികൾക്കും ഇത്തവണ പരിഗണന ലഭിക്കുമെന്ന സൂചനയുണ്ട്.

ജയസാധ്യതയെ മുൻനിർത്തി മണ്ഡലങ്ങളെ എ, ബി, സി വിഭാഗങ്ങളായി തരംതിരിക്കും. ഉറപ്പായും ജയിക്കാവുന്ന മണ്ഡലങ്ങൾ ‘എ’ വിഭാഗത്തിലും, ശക്തമായ ശ്രമത്തിലൂടെ ജയിക്കാവുന്നവ ‘ബി’ യിലും, കുറഞ്ഞ സാധ്യതയുള്ളവ ‘സി’ യിലുമാകും. തദ്ദേശസ്ഥാപനങ്ങളിലെ വോട്ടു നില, സർവേ റിപ്പോർട്ടുകൾ, കോർ കമ്മിറ്റികളുടെ വിലയിരുത്തൽ എന്നിവയാണ് ഇതിന് അടിസ്ഥാനം. 2021-ൽ മത്സരിച്ച സീറ്റുകളിൽ വലിയ മാറ്റം ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

71 സീറ്റുകളിൽ വിജയിക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. നിയമസഭയിൽ തനിച്ച് കേവല ഭൂരിപക്ഷം എന്നതാണ് കോൺ​ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻനിർത്തി മുസ്‌ലിം ലീഗിനും കേരള കോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്) നുമൊപ്പമുള്ള സീറ്റ് കൈമാറ്റങ്ങൾക്കും സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് 24 സീറ്റിൽ മത്സരിച്ച് 15 ഇടത്ത് വിജയിച്ചപ്പോൾ, ജോസഫ് ഗ്രൂപ്പ് 10 സീറ്റിൽ മത്സരിച്ച് രണ്ടിടത്താണ് ജയിച്ചത്.
ആർഎസ്‌പി, സിഎംപി തുടങ്ങിയ ഘടകകക്ഷികൾ ജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകുന്ന പതിവ് ഒഴിവാക്കി മത്സരയോഗ്യമായ മണ്ഡലങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺക്ലേവിൽ സീറ്റ് വിഭജനമോ സ്ഥാനാർഥി പ്രഖ്യാപനമോ നടക്കില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട പൊതുനയം രൂപപ്പെടുത്തും.
ചില എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ പാർട്ടി കൈവശമില്ലാത്ത ചില മണ്ഡലങ്ങളിൽ എംപിമാരെ സ്ഥാനാർഥികളാക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും.
തിരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടന പൂർത്തിയാക്കണമോയെന്നും, അവശേഷിക്കുന്ന സെക്രട്ടറിമാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺക്ലേവിൽ വ്യക്തത വരുത്തുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version