Home Uncategorized 48 മണിക്കൂറിനുള്ളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; രണ്ടുദിവസം കനത്തമഴ

48 മണിക്കൂറിനുള്ളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; രണ്ടുദിവസം കനത്തമഴ

0

തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ കനത്തമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടാല്‍, റൊട്ടേഷന്‍ അനുസരിച്ച് അതിന് ‘സെന്യാര്‍’ എന്ന പേരിടും. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ഉണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഇടുന്ന പേരുകളുടെ പട്ടികയിലെ അടുത്ത പേരാണ് സെന്യാര്‍.

അതിനിടെ കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ / ഇടത്തരം മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version