തോൽപ്പെട്ടി: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടികൂടി. ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ, ലോറി ഡ്രൈവർ അടിവാരം നൂറാംതോട് സ്വദേശി കാരാട്ട് ചാലിൽ ജമാലിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായാണ് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണവും ലോറിയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുനെല്ലി ഇൻസ്പെക്ടർ എം. ബിജു, എസ്ഐമാരായ സജിമോൻ, എൻ.ഡി. രതീഷ്, എഎസ്ഐ മെർവിൻ, സിപിഒമാരായ അഖിൽ, അനീഷ്, ഷിജു, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
