Home Uncategorized തുരങ്കപാത മലബാറിന്റെ സമഗ്ര വികസനത്തിന്റെ നാഴികക്കല്ല്

തുരങ്കപാത മലബാറിന്റെ സമഗ്ര വികസനത്തിന്റെ നാഴികക്കല്ല്

0

കൽപറ്റ:ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ ഒരു ജനതയുടെ വർഷങ്ങളായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിനാണ് തുടക്കമാകുന്നത്. താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂൺ 18 ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകൾ കടന്ന് സംസ്ഥാന സർക്കാർ നിർമാണ പ്രവൃത്തിയിലേക്കെത്തുന്നത്.

പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിർദിഷ്ട പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ് എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽ നിന്നു പത്ത് കിലോ മീറ്റർ മാത്രമാണ് ദൂരം.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെൻഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.

സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ വികസനത്തിനായുള്ള കേരള സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് തുരങ്കപാത നിർമാണത്തിലേക്ക് കടക്കുന്നത്. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകൾക്കുമിടയിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യത്തോടെ കുറഞ്ഞ വാഹന പ്രവർത്തനച്ചെലവിൽ സുരക്ഷതമായി യാത്ര ചെയ്യാം. കോഴിക്കോട്ടെ മികച്ച സർക്കാർ, സർക്കാർ ഇതര ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരാണ് വയനാട് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. പാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ മികച്ച ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന വയനാടൻ ജനതയുടെ ദീർഘകാലമായുള്ള ആവശ്യവും നിറവേറും.

കോഴിക്കോട്, വയനാട് ജില്ലകൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയും വർധിപ്പിക്കും.

പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാധ്യതകളും വർധിക്കും. തുരങ്കപാത വരുന്നത്തോടെ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാവുമെനാണ് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version