പനമരം: എൻ എസ് എസിന് ജനകീയ മുഖം നൽകിയ സംസ്ഥാന എൻ എസ് എസ് ഓഫിസർ ആർ എൻ അൻസറിൻ്റെ നിര്യാണത്തിൽ ഡബ്ല്യു എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡബ്ല്യു എം ഒ കോളേജ് വൈസ് പ്രിൻസിപ്പൽ സുബ്ന എം പി ഉദ്ഘാടനം ചെയ്തു. കേരളത്തെ നടുക്കിയ ദുരന്തത്തെ നേരിടാൻ എൻഎസ്എസിനെ സജ്ജമാക്കിയതും വയനാട്ടിലെ ജനങ്ങൾക്ക് എൻഎസ്എസ് എന്ന സാമൂഹിക സേവന പ്രസ്ഥാനത്തെ പരിചയപ്പെടുത്തി കൊടുക്കുന്നതിലും അൻസാർ സർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുബ്ന എം പി പറഞ്ഞു. പ്രോഗ്രാം ഓഫിസർ എം എ ഷറീന അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ദുരന്തബാധിത മേഖലയിലേക്ക് സേവനങ്ങളും സഹായങ്ങളും എത്തിക്കുന്നതിൽ എൻഎസ്എസിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുകയും വയനാടിന്റെ വീണ്ടെടുപ്പിനായി ഇവിടത്തെ മനുഷ്യർക്കൊപ്പം നിലകൊള്ളുകയും ചെയ്ത അദ്ദേഹം ഒരു മികച്ച അധ്യാപകൻ കൂടിയായിരുന്നു, അതുകൊണ്ടുതന്നെ വിദ്യാർഥികൾക്കൊപ്പം ചേർന്നുനിന്ന് ഒരു ജനകീയ പ്രസ്ഥാനമാക്കി എൻഎസ്എസിനെ വളർത്താൻ അദ്ദേഹത്തിന് സാധിച്ചു എന്നും മനുഷ്യ സേവനം, സമൂഹ സേവനം എന്നുള്ളത് തന്റെ കടമയായി കണ്ട ഒരു മനുഷ്യന്റെ നഷ്ടം നികത്താനാവാത്തതാണെന്നും പ്രോഗ്രാം ഓഫിസർ എം എ ഷെറീന പറഞ്ഞു. കുടുംബത്തിന്റെ ദുഖത്തിൽ ഡബ്ല്യു എം ഒ ഐ ജി കോളേജ് അംഗങ്ങൾ പങ്കു ചേരുന്നതായി അറിയിച്ചു കൊണ്ട് മലയാളം ഡിപ്പാർട്മെന്റ് മേധാവി ഡോ: രമേശൻ കെ ‘അനുശോചന പ്രമേയം’ അവതരിപ്പിച്ചു. കൽപറ്റ ഗവണ്മെന്റ് കോളേജിലെ അദ്ദേഹത്തിന്റെ പൂർവ വിദ്യാർഥികളായ ഡബ്ലിയു എം ഒ ഐ ജി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രമ്യ കെ, നിതീഷ ടി എന്നിവർ ഓർമകൾ പങ്കുവച്ചു. ക്ലാസ് മുറികളിൽ അദ്ദേഹത്തിന്റെ ജനാധിപത്യ ഇടപെടലുകളും പാഠ്യേതര വിഷയങ്ങളിലേക്ക് യുവജനതയെ ചേർത്ത് നിർത്താനും അതുവഴി സാമൂഹിക മാറ്റത്തിന്റെ അലകൾ വിദ്യാർഥി സമൂഹത്തിനിടയിൽ ഉണ്ടാക്കിയെടുക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങളും പൂർവ വിദ്യാർഥികൾ പങ്കുവച്ചു.കൂടാതെ ബി സി എ ഡിപ്പാർട്മെന്റ് മേധാവി പ്രിൻസി അബിൻ, അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് ആഷിഫ് കെ, വോളന്റിയർ ദിൽഷാദ് തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു. വൊളൻ്റിയർ സെക്രട്ടറി മുഹമ്മദ് ഷുഹൈബ് യോഗത്തിൽ നന്ദി അറിയിച്ചു.
