Home Uncategorized വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം നടത്തി

വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം നടത്തി

0
  • ഗോത്രജനതയുടെ എന്താവശ്യങ്ങൾക്കും കൂടെയുണ്ടാകും- ജില്ലാ പോലീസ് മേധാവി

ചെറുകര: ആഗസ്റ്റ് 9ന് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം നടത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തുടികൊട്ടി പാടിയാണ് ജില്ലാ പോലീസ് മേധാവിയെ പരിപാടിയിലേക്ക് വരവേറ്റത്. ഗോത്രജനതയുടെ എന്താവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമരപോരാട്ടത്തിലുൾപ്പെടെ മികച്ച പങ്കു വഹിച്ച് ചരിത്രത്തിൽ ഇടംനേടിയവരാണ് കേരളത്തിലെ ആദിവാസികളെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി എസ്.ആർ.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വിവിധ കായിക- പഠനോപകരണങ്ങൾ വിതരണം ചെയ്തു. വയോധികർക്കും രോഗികൾക്കും കമ്പിളി, പുതപ്പ്, കട്ടിൽ എന്നിവയുടെയും വിതരണവും നടത്തി. റിനൈസൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലാ പോലീസിന്റെ വക വീൽ ചെയറും കൈമാറി.

അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ദീപു ആന്റണി ക്ലാസെടുത്തു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ്‌ നോഡൽ ഓഫീസർ കെ.എം. ശശിധരൻ, റിനൈസൻസ് ലൈബ്രറി പ്രസിഡണ്ട് പ്രേമരാജ് ചെറുകര, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ജൂനിയർ എസ്.ഐ ഷമീർ,
അത്തികൊല്ലി ഉന്നതിയിലെ കേളു എന്നിവർ സംസാരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.ഐ മിനിമോൾ സ്വാഗതവും സീനിയർ സി.പി.ഒ ടി.എം. രമേശൻ നന്ദിയും പറഞ്ഞു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. പരിപാടിയിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു. ഉന്നതിയിലെ ആളുകൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണവും നടത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version