വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി വി ശിവദാസന്‍ എംപി. വയനാടിലും അടുത്തിടെ ഉത്തരകാശിയിലും ഉണ്ടായ ദുരന്തങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. റോഡുകളും കൃഷിയിടങ്ങളും നശിച്ചു.കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഇത്തരം ദുരന്തങ്ങള്‍ നിത്യ സംഭവങ്ങളായി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളും ഇപ്പോള്‍ അപകടത്തിലാണ്. ദരിദ്രരും പിന്നോക്ക പ്രദേശങ്ങളില്‍ ഉള്ളവരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നുമുള്ള സഹായം മിക്ക സാഹചര്യത്തിലും ലഭ്യമല്ല. ഇന്ത്യയുടെ നിലവിലെ നികുതി ഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് വിഭവസമാഹരണത്തിനു അനുവാദമില്ലാത്ത അവസ്ഥയാണ്. കാലാവസ്ഥാ ദുരന്ത പ്രതികരണത്തിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് ഡോ. ശിവദാസന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദുരന്തങ്ങളുടെ സമയത്ത് ഈ ഫണ്ട് തിരിച്ചു കൊടുക്കേണ്ടതില്ലാത്ത സഹായം നല്‍കണം. ദീര്‍ഘകാല വീണ്ടെടുക്കലിനും പിന്തുണ നല്‍കണം. ഇരകളെ പിന്തുണയ്ക്കുന്നതിനും നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് മതിയായ പണം ലഭിക്കണം. ഒരു സംസ്ഥാനത്തു സംഭവിച്ച നാശനഷ്ടം കണക്കാക്കി അതിന് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നനിലയുണ്ടാകണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു.
