സിനിമ പോളിസി കോൺക്ലെവ് വേദിയിലെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ പരാതി നൽകി ദലിത് ആക്ടിവിസ്റ്റ് ദിനു വെയിൽ. മ്യൂസിയം പോലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലുമാണ് പരാതി നൽകിയത്. എസ് സി എസ് ടി വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ജാതിയധിക്ഷേപമല്ല പരിശീലനം നൽകണമെന്നതു മാത്രമാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അടൂരിന്റെ പ്രതികരണം.
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നായ രൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലെവിന്റെ സമാപന സമ്മേളന വേദിയിലായിരുന്നു അടൂരിന്റെ വിവാദ പരാമർശം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സർക്കാർ സഹായം നൽകുമ്പോൾ നല്ല പരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ ഉപദേശം.
എന്നാൽ, പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉൾപ്പെടെ എല്ലാവരെയും ചേർത്തുപിടിച്ചുള്ള സമഗ്ര മാറ്റമാണ് സംസ്ഥാന സർക്കാറിന്റെ നയം. എസ് സി എസ് ടി വിഭാഗത്തിൽ നിന്നുള്ള നാല് സിനിമകളും മികച്ചതാണ്. സഹായം നൽകുന്നത് ഒരു തെറ്റായി സർക്കാർ കാണുന്നില്ലെന്നും നല്ല സിനിമകൾക്കുള്ള പിന്തുണ തുടരുമെന്നും മന്ത്രി സജി ചെറിയാൻ മറുപടി നൽകി.
പിന്നാലെയാണ്, എസ് സി എസ് ടി വിഭാഗക്കാര്‍ക്കെതിരെയുള്ള അടൂരിന്റെ പരാമർശത്തിൽ ദളിത് ആക്ടിവിസ്റ്റ് ദിനു വെയിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലും എസ് സി എസ് ടി കമ്മീഷനിലും പരാതി നൽകിയത്. അടൂരിന്റെ പരാമർശത്തിലൂടെ എസ് സി എസ് ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരുമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ ഉന്നയിച്ചു. എസ് സി എസ് ടി വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, അടൂരിന്റെ പരാമർശത്തിനെതിരെ സദസ്സിലും പ്രതിഷേധശബ്ദമുയർന്നിരുന്നു. പ്രതിഷേധമറിയിച്ച് സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി. എന്നാൽ, ജാതിയധിക്ഷേപമല്ല പരിശീലനം നൽകണമെന്നതു മാത്രമാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അടൂരിന്റെ പ്രതികരണം.
