മാനന്തവാടി: തൊണ്ടർനാട് പാക്കേജിന്റെ പേരിൽ പുറത്തുവന്ന വിജിലൻസ് റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവും ആണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.2015-16 ൽ ആരംഭിച്ച പദ്ധതിക്കായി വകയിരുത്തിയത് അഞ്ചുകോടി രൂപയായിരുന്നു. ഇതിൽ വിവിധ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച 13,58,500 രൂപയിൽ മൂന്ന് ലക്ഷത്തിലധികം രൂപയുടെ അഴിമതി നടന്നുവെന്ന പേരിലാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിച്ച് നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് 2016 ൽ തയ്യാറാക്കിയ എഫ് ഐ ആറിൽ നിർവ്വഹണ ഉദ്യോഗസ്ഥൻ പ്രതി സ്ഥാനത്തും ജനപ്രതിനിധകിൾ സാക്ഷികളുമായിരുന്നു. എന്നാൽ പ്രതി സ്ഥാനത്ത് നിന്നും നിർവ്വഹണ ഉധ്യോഗസ്ഥനെ നീക്കി മറ്റുപലരെയും കൂട്ടിച്ചേർത്ത് സാക്ഷികളെ പ്രതികളാക്കിയാണ് രാഷ്ട്രീയപ്രേരിതമായി പുതിയ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 12 ഉന്നതികളിൽ നടത്തിയ വിവിധ പരിശീലന പരിപാടികളിൽ അഴിമതി നടന്നു എന്ന് കാണിച്ച് 2016 ൽ വിജിലൻസിൽ പരാതി ലഭിക്കുകയും 2020 ജൂണിൽ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയേയും പരിശീല ഏജൻസിയേയും പ്രതിയാക്കി എഫ്ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു.
നാല് വർഷത്തിന് ശേഷമാണ് വിചിത്രമായ കണ്ടെത്തലുകൾ നടത്തി പുതിയ കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്. പരിശീലന ഏജൻസിയുമായി കരാറുണ്ടാക്കിയ ആദ്യഘട്ടത്തിൽ പ്രവർത്തികളുടെ ഇംപ്ലിമെൻ്റിംങ്ങ് ഓഫീസറായ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഒഴിവാക്കി എന്ന് പറയുന്നതിൻ്റെ അർത്ഥം ആ കാലയളവിൽ ഈ പദ്ധതിമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല എന്നതാണ് ഈ കാലയളവിൽ മാത്രമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എം.ജി ബിജു ഉണ്ടായിരുന്നത്.പിന്നീട് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പുതിയ ഭരണസമിതിയുമണ് ഭരണനിർവ്വഹണം നടത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിർവ്വഹണ ഉദ്യോഗസ്ഥൻ പ്രതിയല്ലാതായ സാഹചര്യത്തിൽ ആ കാലത്ത് മാത്രം ചുമതല ഉണ്ടാവുന്ന പ്രസിഡണ്ട് ഏത് വിധത്തിലാണ് പ്രതിയാവുന്നതെന്ന് കുറ്റമാരോപിക്കുന്നവർ വ്യക്തമാക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിൽ വന്നതിന് ശേഷമാണ് പദ്ധതി നടപ്പിലാക്കുകയും തുക അനുവദിക്കുകയും ചെയ്തതെന്നിരിക്കെ അന്വേഷണറിപ്പോർട്ടിന്റെ ലക്ഷ്യം വ്യക്തമാണെന്ന് നേതാക്കൾ പറഞ്ഞു.രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി ഭരണനേതൃത്വത്തിൻ്റെ സമ്മർദ്ദ പ്രകാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജുവിനെയും അത് വഴി പാർട്ടിയേയും അപമാനിക്കാൻ തയ്യാറാക്കിയ കുറ്റപത്രത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്, എം.ജി.ബിജു,മണ്ഡലം പ്രസിഡണ്ട്‌മാരായ കെ വി ജോൺസൺ, ടോമി ഓടയ്ക്കൽ, ജോസ് കൈനിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
