മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സംഭവിച്ച ദാരുണ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കിയത്. 8 ആംബുലന്‍സുകളും നിരവധി റെയില്‍വേ റെസ്‌ക്യൂ വാനുകളും എത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ പാളത്തിലേക്ക് ചാടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സമാന്തര ട്രാക്കിലൂടെ പാഞ്ഞുവന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് 13 പേര്‍ക്ക് ജീവന്‍ നഷ്ടമായത്
എന്നാല്‍ തീപിടിത്തം സംബന്ധിച്ച അഭ്യൂഹം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജല്‍ഗാവ് ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്ന് ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു. പുഷ്പക് എക്‌സ്പ്രസില്‍ അലാറം ചെയിന്‍ വലിച്ചതായി റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ സ്ഥിതിഗതികളും നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉടന്‍ നല്‍കുന്നുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.