കൽപ്പറ്റ: ഭക്ഷ്യസുരക്ഷാ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി എഫ്എൻഎച്ച്ഡബ്ലു പദ്ധതിയുടെ ഭാഗമായി ഫുഡ് ഫോർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ മികച്ച ഭക്ഷണ രീതിയിലൂടെ എങ്ങനെ സാധ്യമാക്കാം എന്നും ഫുഡ് ഫോർട്ടിഫിക്കേഷൻ അതിനെ എങ്ങനെ സഹായിക്കുമെന്നതുമാണ് സെമിനാറിൽ ചർച്ച ചെയ്തത്. ഭക്ഷണത്തിലെ പോഷകമൂല്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിനുകളും ധാതുക്കളും ചേർക്കുന്ന രീതിയാണ് ഫുഡ് ഫോർട്ടിഫിക്കേഷൻ. ജില്ലയിലെ 10 ന്യൂട്രി മിക്സ് യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ 63 പേർ കല്പറ്റ ഹോളിഡേയ്‌സിൽ വെച്ച് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ പങ്കെടുത്തു. ഫുഡ് ഫോർട്ടിഫിക്കേഷന്റെ ആവശ്യകതയും ഫോർട്ടിഫിക്കേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെ ഫലപ്രദമായി സാധ്യമാക്കാം എന്നതിനെക്കുറിച്ചും സംസാരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ സെമിനാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോർഡിനേറ്റർ അമീൻ കെ അധ്യക്ഷനായി. കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ ഡയറ്റീഷൻ ഹീരജ എസ് സെമിനാർ അവതരിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി മാത്യു, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന വികെ, ജില്ലാ പ്രോഗ്രാം മാനേജർ ഹുദൈഫ് പി, ശ്രുതി, ജില്ലാ ആർ പി സുജാത, സ്നേഹിത കൗൺസിലർ ശ്രുതി എന്നിവർ സംസാരിച്ചു.
