Home Uncategorized ഹൃദയം നിറച്ച് താലോലം. താരമായി അസിം വെളിമണ്ണ

ഹൃദയം നിറച്ച് താലോലം. താരമായി അസിം വെളിമണ്ണ

0

ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് ഭിന്നശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘താലോലം 2024’ ഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തോളം വളർന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ ആണ് പല ചരിത്രങ്ങളും പിറക്കുന്നത് എന്ന് നിരവധി റെക്കോർഡുകൾക്ക് ഉടമയും ആഗോളതലത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഹമ്മദ് ആസിം വെളിമണ്ണ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികളും നിരവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു. ആടിയും പാടിയും മനസ് നിറച്ച് ക്രിസ്തുമസ് കേക്കിന്റെ മധുരവും നുണഞ്ഞാണ് പരിപാടി അവസാനിച്ചത്. ചെന്നലോട് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്‌വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, ജിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version