ടീം കനിവ് 2025-26 വർഷത്തെ പ്രവർത്തന ഫണ്ട് സ്ഥലമെടുപ്പും കെട്ടിട നിർമ്മാണവും 25ന്
ആദ്യ സംഭാവന നൽകുന്നത് റവ. ഫാദർ വർഗീസ് മറ്റമന.
മാനന്തവാടി:2021ൽ 25 ഓളം ചെറുപ്പക്കാർ തുടക്കമിട്ട കനിവിൻ്റെ ഒരു ചെറിയ കൈത്തിരിയാണ് ഇന്ന് സാന്ത്വന പരിചരണ രംഗത്ത് മാനന്തവാടിയിൽ ടീം കനിവ് എന്ന പേരിൽ പ്രകാശം ചൊരിയുന്ന ഒരു സ്ഥാപനമായി വളർന്നു നിൽക്കുന്നത്. ആത്മാർത്ഥമായ സേവനം എന്നത് അന്യം നിന്നുപോകുന്ന ഒരു കാലഘട്ടത്തിൽ സമർപ്പണബോധവും സഹാനുഭൂതിയും കൈമുതലായ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്‌മയായ ടീം കനിവ് ജീവകാരുണ്യ മേഖലയിൽ സ്വന്തമായ ഒരിടം അടയാളപ്പെടുത്തി കഴിഞ്ഞു. 3 വർഷം മുമ്പ് കേവലം ഒരു വീൽചെയറിലും രണ്ടു പായയിലും തുടങ്ങിവച്ച ഈ കാരുണ്യ സ്‌പർശം ഇന്ന് അരികുവൽകൃത ഗോത്ര സമൂഹത്തിൻ്റെ ശാക്തീകരണത്തിൽ വരെ അതിൻ്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചു കഴിഞ്ഞു. ടീം കനിവിനു വേണ്ടി 826പേരാണ് അത്യാസന്ന രോഗികൾക്ക് ഇന്ന് വരെ രക്തദാനം നടത്തിയത്. വയനാട്ടിൽ രക്തദാന മേഖലയിൽ ഏറ്റവും അന്വേഷിക്കപ്പെടുന്ന ഒരു പേര് ടീം കനിവിൻ്റെതാണ്. നാട്ടുകാർ സ്നേഹപൂർവ്വം നൽകിയ ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും സൗജന്യമായി കിടപ്പു രോഗികൾക്ക് നൽകാൻ കനിവിൻ്റെ ഓഫീസ് ടീം എല്ലായ്പ്പോഴും സജ്ജമാണ്. ടീം കനിവിൻ്റെ വളർച്ചയുടെ ഒരു നിർണായക ഘട്ടമാണ് സ്വന്തമായി ആംബുലൻസ് ഇറക്കിയതോടെ സാദ്ധ്യമായത്. ടീം കനിവിനെ നെഞ്ചോട് ചേർത്ത നിങ്ങൾ ഒരോരുത്തരുമാണ് ആ സ്വപ്‌നം പൂവണിയിച്ചത്. ഗോത്രവർഗ്ഗത്തിൻ്റെ വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ കനിവ് എങ്ക ലൈബ്രറി എന്ന പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തും മറ്റു ദുരന്ത ഭൂമികയിലും കനിവിൻ്റെ വളണ്ടിയർമാർ രക്ഷാ പ്രവർത്തനവുമായി സജീവമായി രംഗത്തുണ്ടായിരുന്നു. ആതുര സേവനം ഒരു നിയോഗമായി നെഞ്ചിലേറ്റിയ ടീം കനിവിന് സ്വന്തമായി ഒരു കെട്ടിടം എന്നതാണ് അടുത്ത ലക്ഷ്യം.ഇപ്പോൾ കനിവ് പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മെമ്പർമാരുടെ മാസ വരിസംഖ്യയും മനുഷ്യസ്നേഹികളായ നാട്ടുകാരുടെ സഹായവും അല്ലാതെ മറ്റൊരു സാമ്പത്തിക സ്രോതസ്സും ടീം കനിവിനെ സഹായിക്കാനായി നിലവിലില്ല. കിടപ്പുരോഗികൾക്കുള്ള ചികിത്സ ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറി വരുന്നതിനാൽ കൂടുതൽ സാധന സാമഗ്രികൾ അടിയന്തരമായി വാങ്ങേണ്ടതും അവ സൂക്ഷിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ ടീം കനിവിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഊർജവും കരുത്തും പകരാനായി സ്വന്തമായി സ്ഥലം വാങ്ങി ഒരു കെട്ടിടം നിർമ്മിക്കുവാൻ തീരുമാനിച്ച വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുകയാണ്. ടീം കനിവിന്റെ നാളിതുവരെയുള്ള സേവന പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന നിങ്ങളേവരും ഒരിയ്ക്കൽ കൂടി ഈ സദുദ്യമത്തിലും പങ്കാളികളായി ടീം കനിവിന്റെ ഫണ്ടുശേഖരണത്തെ വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു-ടീം കനിവ് കമ്മിറ്റി
