Home Uncategorized തുല്യവേതനത്തിനായി പോരാടിയവര്‍ക്ക് ലോകകപ്പ് മധുരനേട്ടം, താരങ്ങളുടെ സമ്മാനത്തുക അറിയാം

തുല്യവേതനത്തിനായി പോരാടിയവര്‍ക്ക് ലോകകപ്പ് മധുരനേട്ടം, താരങ്ങളുടെ സമ്മാനത്തുക അറിയാം

0

വെല്ലിങ്ടണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീട ജേതാക്കളായ ന്യൂസിലന്‍ഡ് ടീമിന് 23 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുക. കലാശപ്പോരില്‍ 32 റണ്‍സിനാണ് ന്യൂസിലന്‍ഡ് എതിരാളികളെ പരാജയപ്പെടുത്തിയത്.

പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം തുല്യവേതനത്തിനായി വാദിക്കുന്ന വനിതാ താരങ്ങള്‍ക്ക് ഈ തുക വന്‍നേട്ടമാണ്. തുക തുല്യമായി പങ്കിട്ടാല്‍ ലോകകപ്പ് ടീമിലെ ഒരംഗത്തിന് ഏകദേശം 155,000 യുഎസ് ഡോളറാണ് ലഭിക്കുക.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലില്‍ എത്തിയാണ് കിവീസ് ആദ്യ കിരീടത്തില്‍ മുത്തമിടുന്നത്. 2009ലും 2010ലും റണ്ണറപ്പായി. അതേസമയം തുടര്‍ച്ചയായി രണ്ടാം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ കാലിടറി.

ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് തുടര്‍ച്ചയായി 10 ടി20 മത്സരങ്ങള്‍ തോറ്റിടത്തു നിന്നാണ് ന്യൂസിലന്‍ഡ് ടീമിന്റെ തിരിച്ചുവരവ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടീമിനെ ന്യൂസിലന്‍ഡ് ടീമിനെ പ്രശംസിച്ച് കായിക മന്ത്രി ക്രിസ് ബിഷപ്പ് രംഗത്തെത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ച ടീം സെമിഫൈനലിലേക്കുള്ള യാത്രയില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് തോറ്റത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആറ് തവണ ചാംപ്യന്‍മാരായ ഓസീസിനെ ദക്ഷിണാഫ്രിക്കയാണ് പുറത്താക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version