Home Uncategorized പാഠം ഒന്ന് അതിജീവനംമേപ്പാടി സ്‌കൂള്‍ തുറന്നു

പാഠം ഒന്ന് അതിജീവനംമേപ്പാടി സ്‌കൂള്‍ തുറന്നു

0

· മുണ്ടക്കൈ വെള്ളാര്‍മല സ്‌കൂള്‍ പ്രവേശനോത്സവം സെപ്തംബര്‍ 2ന്

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അണപൊട്ടി ഒഴുകിയ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ്സുമുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നു. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദുരന്തകടലുകള്‍ താണ്ടി ചൊവ്വാഴ്ച അധ്യയനം തുടങ്ങിയത്. മേപ്പാടി ജി.എല്‍.പി, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുമുറികളാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളായത്. ദുരന്ത മേഖലയില്‍ നിന്നും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ കഴിഞ്ഞത്. ഉറ്റവരെയും അയല്‍വാസികളെയുമെല്ലാം ദുരന്തത്തില്‍ നഷ്ടമായവര്‍ക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാലയും. അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ദുരിതനാടിന്റെ നൊമ്പരങ്ങളുമായി വന്നവര്‍ക്കെല്ലാം സാന്ത്വനത്തിന്റെ ആശ്വാസങ്ങള്‍ നല്‍കി.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കെല്ലാം പരാതികളില്ലാത്ത വിധം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിദ്യാലയം
മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ്സ് മുറികള്‍ വീണ്ടും തുറന്നപ്പോള്‍ 637 കുട്ടികളില്‍ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ അവരോടൊപ്പമില്ല. പ്ലസ് വണ്‍ വിഭാഗത്തിലെ രണ്ടുകൂട്ടൂകാരും പ്ലസ്ടു വിഭാഗത്തില്‍ നിന്നുള്ള ഒരു കൂട്ടുകാരിയുമാണ് നാടിനെ നടുക്കിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ നൊമ്പരങ്ങളായി മാറിയത്. അവര്‍ക്കൊപ്പം ദുരന്തത്തില്‍ മാഞ്ഞുപോയ എല്ലാവര്‍ക്കുമായി സ്‌കൂള്‍ അസംബ്ലിയില്‍ അനുശോചനം രേഖപ്പെടുത്തി. അതുവരെയും അധ്യയനത്തിന്റെ മാത്രം പാഠശാലയായിരുന്ന വിദ്യാലയം പരസ്പരം കൈകോര്‍ത്ത് ഇനിയും മുന്നേറാനുള്ള ജീവിത പാഠത്തിന്റെയും ഗുരുകുലമാവുകയായിരുന്നു. പോലീസ് വിഭാഗത്തിന്റെ പ്രത്യേക കൗണ്‍സിലിങ്ങും വിദ്യാലയത്തില്‍ നടന്നു. ഉച്ചതിരിഞ്ഞ് വിദ്യാഭ്യാസ അധികൃതരും അധ്യാപകരും യോഗം ചേര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മുണ്ടക്കൈ, വെള്ളാര്‍മല ക്ലാസ്സ് മുറികള്‍ മേപ്പാടിയില്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version