ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ലിഥിയം ഖനികള്‍ ഛത്തീസ്ഗഡിലെ കട്‌ഘോരയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ പഠനത്തിലും പര്യവേക്ഷണത്തിലും ഗണ്യമായ ലിഥിയം ശേഖരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലെ കട്‌ഘോര പ്രദേശത്ത് ആദ്യത്തെ ലിഥിയം ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വാഹന മേഖല വളരുന്നതിന് ഇത് സഹായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദേശീയ മിനറല്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ ആറാമത് ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് വേണ്ടിയാണ് ജയ്‌സ്വാള്‍ ഫോറത്തില്‍ പങ്കെടുത്തത്. കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നതും അവയുടെ വിനിയോഗവും പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ച ചെയ്തു.
കട്‌ഘോരയിലെ 250 ഹെക്ടറില്‍ വലിയ ലിഥിയം ശേഖരം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേയുടെ സ്ഥിരീകരണം. ഏകദേശം 250 ഹെക്ടര്‍ പ്രദേശത്ത് ജിഎസ്‌ഐ നടത്തിയ പ്രാഥമിക സര്‍വേയില്‍, ഏകദേശം 10 പിപിഎം മുതല്‍ 2000 പിപിഎം വരെ (പാര്‍ട്ട്‌സ് പേര്‍ മില്യണ്‍) ലിഥിയം ഉണ്ടെന്നാണ് കണ്ടെത്തല്‍.
