Home Uncategorized ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രത

ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രത

0

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും പത്തനംതിട്ട ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചക്രവാതച്ചുഴിയ്ക്ക് പുറമേ റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 m ഉയരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version