കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വനിതാ ഡോക്ടറുടെ മരണത്തിന് മുമ്പ് ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു.
വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നു. പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ഇരയുടെ തല ചുമരില്‍ ഇടിച്ചിരുന്നു. ഇരയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകള്‍ കണ്ടെത്തി.
മരണം പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. മുഖത്തും വയറിലും ഇടതുകണങ്കാലിലും, കഴുത്തിലും, വലതു മോതിരവിരലിലും, ചുണ്ടിലും മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ട. കഴുത്തിലെ എല്ലൊടിഞ്ഞതിനാല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവില്‍ വോളണ്ടിയര്‍ അറസ്റ്റിലായിരുന്നു. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ മമത സര്‍ക്കാരിനെതിരെ കടത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രതിയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാരും വിദ്യാര്‍ത്ഥികളും കടുത്ത പ്രതിഷേധത്തിലാണ്.