ഉരുളിറങ്ങിയ രാത്രിയിൽ ആദിവാസി സങ്കേതമായ ഏറാട്ടുകുണ്ടിൽ നിന്നും കാട്ടിൽ കയറി അവിടെ അകപ്പെട്ട കൃഷ്ണനും കുടുംബവും ഇപ്പോള്‍ അട്ടമലയിലെ പ്രീഫാബ് ക്യാമ്പിൽ സുരക്ഷിതര്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ഈ ആദിവാസി കുടുംബത്തെ വനപാലകര്‍ കണ്ടെത്തിയത്.
കാട്ടിലെ പരിശോധനയ്ക്കിടയിൽ കൃഷ്ണന്‍റെ ഭാര്യ ശാന്തയും നാലു വയസുള്ള കുട്ടിയുമാണ് ആദ്യം വനപാലകര്‍ക്ക് മുന്നിലെത്തിയത്. ഇവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് രണ്ട് കിലോമീറ്ററോളം അകലെ പാറയുടെ പൊത്തിൽ നിന്നും കൃഷ്ണനെയും മറ്റ് രണ്ട് മക്കളെയും കണ്ടെത്തി. വസ്ത്രമില്ലാതെ, ഭക്ഷണം കഴിക്കാതെ അവശരായിരുന്നു കുടുംബം.
വിശപ്പകറ്റാനുള്ള ഭക്ഷണം നൽകി ദുര്‍ഘടപാതകളിലൂടെ മലയിറക്കി ആദ്യം ശാന്തയ്ക്കരികിലും തുടര്‍ന്ന് അട്ടമലയിലെ പ്രീ ഫാബ് ക്യാമ്പിലും എത്തിച്ചു. ഇനി ഇവരെ തിരികെ സാമൂഹ്യജീവിതത്തിലെത്തിക്കണം. ആ ദൗത്യത്തിലാണ് വനം വകുപ്പ്.
